ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന് അദ്ദഹബി അശ്ശാഫിഈ
ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസില്‍
മരണം: ഹി: 748ല്‍
വൈജ്ഞാനിക ജീവിതം
പണ്ഡിതന് കൂടിയായ തന്റെ പിതാവ് ശിഹാബുദ്ദീന് ബിന്‍ ഉഥ്മാന് എന്നവരില്‍ നിന്നാണ് ഇമാം പഠനം തുടങ്ങിയത്. തന്റെ ഗുരനാഥന്മാരുടെ കൂട്ടത്തില്‍ പിതാവിനെയും മഹാനവര്കള് എണ്ണിയിട്ടുണ്ട്. പ്രാഥമിക പഠനത്തിന് ശേഷം ഇമാം ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ അവഗാഹം നേടി, അദ്ദേഹം ഏഴ് ശൈലിയിലും ഖുര്‍ആന്‍ പാരായാണം ചെയ്യുന്ന പണ്ഡിതനായിരുന്നുവെന്ന് ഇമാം സുയൂത്വി രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ മഹാനവര്കള് ഗ്രന്ഥ രചനയും നടത്തിയിട്ടുണ്ട്.
ശേഷം ഹദീഥ് മേഖലയിലേക്ക് തിരിഞ്ഞ ഇമാം, ഹദീഥിന്റെ സര്‍വ്വ മേഖലകളിലും അവഗാഹം നേടി. ഇമാം സുയൂത്വി പറയുന്നു: ڇഹാഫിള് അല്‍ മിസ്സി, ഇമാം ദഹബി, ഹാഫിള് ഇറാഖി, ഹാഫിള് ഇബ്നു ഹജര്‍ എന്നീ നാലാളുകളില്‍ ആശ്രിതരാണ് പിന്നീട് വന്ന ഹദീഥ് പണ്ഡിതരെല്ലാം'.
ഐശ്വര്യവും ശാന്തിയും നിലനില്‍ക്കുന്ന കുടുംബപശ്ചാതലമായിരുന്നു ഇമാമിനുണ്ടായിരുന്നത് എന്നത് കൊണ്ട് തന്നെ തന്നിക്കിഷ്ടപ്പെട്ട വൈജ്ഞാനിക മേഖല ഉപേക്ഷിച്ച് ധനസമ്പാദനത്തിനിറങ്ങാന് ഇമാം ജീവിതത്തിലൊരിക്കല്‍ പോലും നിര്‍ബന്ധിതനായിട്ടില്ല.
ശൈഖ് ഇബ്നു തൈമിയ്യ, ഹാഫിള് അല്‍ മിസ്സി, ശൈഖ് ബിര്‍സാലി എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്, അദ്ദേഹത്തിന് ആയിരത്തിമുന്നൂറില്‍ പരം ഗുരുനാഥന്മാരുണ്ടെന്ന് ശൈഖ് സ്വഫ്ദി പറയുന്നു, ഇബ്നു കഥീര്‍, ഇബ്നു റജബ് തുടങ്ങിയവര്‍ സഹപാഠികളാണ്, താജുദ്ദീന് സുബ്കി, ശൈഖ് സ്വഫ്ദി തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരില് പെട്ടവരാണ്.
രിഹ്ലകള്‍(വൈജ്ഞാനിക യാത്രകള്‍)
നാല് മാസത്തില്‍ കൂടുതല്‍ വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കരുത് എന്ന് പിതാവ് നിര്‍ദേശിച്ചത് കാരണം ഇമാം ദഹബിക്ക് തന്റെ ചെറുപ്പകാലങ്ങളില്‍ സുദീര്‍ഘ യാത്രകള്‍ സാധിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം ആ സമയത്ത് തന്നെ ചെറുയാത്രകളിലായി ഖുദ്സ് (ജറൂസലേം), മിസ്വ്ര്‍ (ഈജിപ്ത്), ഹലബ് (അലപ്പോ), റംല (റാമല്ല) തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം വിജ്ഞാനാവശ്യാര്ത്ഥം യാത്ര ചെയ്തു.
ഹി: 697ല്‍ പിതാവിന്റെ മരണത്തിന് ശേഷം ഇമാം ഹജ്ജ്കര്‍മത്തിനായി മക്കയിലേക്ക് പുറിപ്പെട്ടു, ഈ യാത്രയില്‍ മക്ക, മദീന, അറഫ, മിന എന്നിവടങ്ങളില്‍ വെച്ചെല്ലാം വിത്യസ്ത പണ്ഡിതരില്‍ നിന്നായി ഹദീഥ് സ്വീകരിച്ചു.
രചനകള്‍
ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഹദീഥ്, ഉസ്വൂലുല്‍ ഹദീഥ്, ചരിത്രം, നിവേദക വിമര്‍ശനം, വിശ്വാസ കാര്യങ്ങള്‍ എന്നിവയിലായി ഇമാം ദഹബിയുടെ ഇരുന്നൂറില്‍ പരം ഗ്രന്ഥങ്ങള്‍ അറിയപ്പെട്ടിട്ടുണ്ട്, ബശ്ശാര്‍ അവ്വാദ് എന്ന ആധുനിക പണ്ഡിതന് രേഖപ്പെടുത്തിയ ഇമാം ദഹബിയുടെ ഗ്രന്ഥങ്ങളുടെ എണ്ണം 215 ലധികം വരും.
സുപ്രധാന ഇസ്ലാമിക ചരിത്ര കൃതികളുടെയും കര്‍ത്താവായ ഇമാം ദഹബി മുഅരിഖുല് ഇസ്ലാം (ഇസ്ലാമിന്റെ ചരിത്രകാരന്) എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്, ഹദീസിന്റെ സ്വീകാര്യത പരിശോധിക്കുന്നതില്‍ ഹദീസ് നിവേദകര്‍ക്കും അവരുടെ ചരിത്രങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട് എന്നതിനാല്‍ അദ്ദേഹത്തെപ്പോലുളളവരുടെ ചരിത്ര കൃതികള്‍ ഹദീസ് ലോകത്തും വിലപ്പെട്ടതാണ്.
സിയറു അഅ്ലാമി ന്നുബലാഅ്, മീസാനുല്‍ ഇഅ്തിദാല്, തദ്കിറതുല്‍ ഹഫാള് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളില്‍ പെട്ടതാണ്.
ഹദീഥ് നിവേദക വിമര്‍ശന (നഖ്ദു രിജാല്‍) രചനകള്‍
മീസാനുല്‍ ഇഅ്തിദാല് ഫീ നഖ്ദി രിജാല്‍
ഹദീസ് നിവേദകരില്‍ നിന്ന് ഏതെങ്കിലും പണ്ഡിതന്മാരാല് വിമര്ശിക്കപ്പെട്ടവരെയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. എങ്കിലും വിമര്‍ശനവിധേയരായ സ്വഹാബതിനെയും മുജ്തഹിദുകളായ പണ്ഡിതരെയും അവരുടെ മഹത്വം പരിഗണ്ച്ച് ഈ ഗ്രന്ഥത്തില്‍ ദഹബി ഇമാം ഉള്‍പ്പെടുത്തിയിട്ടില്ല. നാല് വാള്യങ്ങളുള്ള ഗ്രന്ഥത്തില്‍ 11053 ഹദീഥ് നിവേദകരെയാണ് പരിചയപ്പെടുത്തുന്നത്. ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ നിവേദക വിമര്‍ശനത്തില്‍ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക പദങ്ങളെ പരിചയപ്പെടുത്തിയതിനു ശേഷം അറബി അക്ഷരങ്ങളുടെ ക്രമത്തിലാണ് നിവേദകരെ പരിചയപ്പെടുത്തുന്നത്.
തദ്കിറതുല്‍ ഹുഫാള്
ഹദീസ് പണ്ഡിതരെ പരിചയപ്പെടുത്തുന്ന ഇമാം ദഹബിയുടെ ബൃഹത്തായ ഗ്രന്ഥമാണ് തദ്കിറതുല്‍ ഹുഫാള്. ഗ്രന്ഥത്തില്‍ കാലക്രമാനുസൃതം പണ്ഡിതരെ 21 വിഭാഗങ്ങളായി (ത്വബഖാത്) വേര്‍തിരിച്ചിട്ടുണ്ട്. അബൂ ബകര്‍ സിദ്ദീഖ് (റ) മുതല്‍ തുടങ്ങി ഇമാം മിസ്സി വരെയുള്ള 1176 ഹദീസ് പണ്ഡിതരെയാണ് ഇതില്‍ പറയുന്നത്. ശേഷം തന്റെ നാല്പതോളെ ഗുരുനാഥന്മാരെയും ഇമാം ദഹബി ഇതില്‍ പരിചയപ്പെടുത്തുന്നു.
ദിക്റു അസ്മാഇ മന് തുകുല്ലിമ ഫീഹി വഹുവ മുവസ്സഖുന്
ചില പണ്ഡിതരാല്‍ മാത്രം വിമര്‍ശിക്കപ്പെട്ട ഹദീസ് നിവേദനത്തിന് അനുയോജ്യരായ നിവേദകരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. ഓരോ നിവേദകരും സ്വീകാര്യനാകാനുള്ള കാരണവും വിമര്ശിക്കപ്പെടാനുള്ള കാരണവും വിമര്‍ശിച്ച വ്യക്തികളെയും ഇതില്‍ വ്യക്തമാക്കുന്നു. അഹ്മദ് ബ്നു ഹമ്പലിനെ പോലെ ശത്രുക്കളാല്‍ മാത്രം വിമര്‍ശിക്കപ്പെട്ട ചില പണ്ഡതരെയും ഇതില്‍ എണ്ണിയിട്ടുണ്ട്.
അല്‍ കാഷിഫ് ഫീ മഅ്രിഫതി മന് ലഹു രിവായതുന് ഫില്‍ കുതുബി സ്സിത്ത
ഹദീസിന്റെ ആറ് പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിവേദകരായി വന്നവരെ പരിചയപ്പെടുത്തുന്ന കൃതിയാണിത്. ഇമാം അബ്ദുല്‍ ഗനി അല്‍മഖ്ദിസിയുടെ 'അല്‍ കമാല്‍ ഫീ അസ്മാഇ രിജാല്‍' എന്ന ഗ്രന്ഥത്തെ സ്വാംശീകരിച്ച് ഇമാം മിസ്സി രചിച്ച തഹ്ദീബുല്‍ കമാല്‍ എന്ന ഗ്രന്ഥത്തിന്റെ ചുരുക്കമാണ് അല്‍ കാശിഫ്.
അറബി അക്ഷരക്രമത്തില് നിവേദകരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തില്‍ രണ്ട് വാള്യങ്ങളിലായി 7179 ആളുകളെയാണ് ആകെ പരാമര്‍ശിക്കുന്നത്.
ശഫീഖ് വേങ്ങര
ഹദീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഗവേഷകനാണ് ലേഖകന്‍