ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇമാം മുഹമ്മദ് ബിന്‍ യസീദ്. മാജ എന്നത് പിതാമഹന്‍റെയോ മാതാവിന്‍റെയോ അനറബി നാമത്തിലേക്ക് ചേര്‍ത്താണെന്നതില്‍ അഭിപ്രായാന്തരങ്ങളുണ്ട്.
മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫാന്‍റെ (റ) കാലത്ത് ഇസ്ലാമിക ഭരണത്തില്‍ വന്ന ദക്ഷിണ ഇറാനിലെ ഖസ് വീന്‍ പ്രവിശ്യയില്‍ ഹിജ്റ 209ലാണ് (എ.സി 824) അവരുടെ ജډം. വിജ്ഞാനങ്ങള്‍ക്ക് കേളികേട്ട ചുറ്റുപാടില്‍ വളര്‍ന്ന് ചെറുപ്പത്തിലേ ഹദീസ് പഠനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹത്തിന് തന്‍റെ വിശ്വാസ്യതയും ഓര്‍മശക്തിയും ഉയരങ്ങള്‍ താണ്ടാന്‍ സഹായകമായി. ഹദീസ് പണ്ഡിതരുടെ പറുദീസയെന്ന് വിളിക്കപ്പെട്ടിരുന്ന ഖസ് വീനിനിനൊരു തിലകച്ചാര്‍ത്തായിരുന്നു ഇമാം ഇബ്നു മാജഃ.
ഇസ്ലാമിക വിഷയങ്ങളിലെല്ലാം നൈപുണി നേടിയ സ്മര്യപുരുഷന്‍ കൂഫ, ബസ്വറ, ബഗ്ദാദ്, സിറിയ, ഇറാഖ്, ഈജിപ്ത്, ഫലസ്ഥീന്‍, തുടങ്ങി ഹിജാസുള്‍പ്പെട്ട പ്രദേശങ്ങളില്‍ വിജ്ഞാന സമ്പാദനര്‍ഥം വിപുലമായ യാത്രതള്‍ നടത്തി. ഇബ്നു അബീശൈബ, യസീദുല്‍ യമാനി എന്നിവരടക്കം വിശാല ഗുരുസമ്പത്തിനുടമയായ ഇബ്നുമാജയുടെ സുനനിലുള്ള നിവേദകരെ കുറിച്ച് ദഹബിയുടെ അല്‍മുജര്‍റദ് ഫീ അസ്മാഇ രിജാലി സുനനിബ്നി മാജഃ എന്ന കൃതിയില്‍ വിശദീകരണങ്ങള്‍ കാണാം. അലി ബിന്‍ അബ്ദില്ലാഹില്‍ അസ്കരി, ഇബ്റാഹീം ബിന്‍ ദീനാര്‍, അഹ്മദ് ബിന്‍ ഇബ്റാഹീമുല്‍ ഖസ്വീനി പോലെയുള്ള പ്രഗല്‍ഭര്‍ അവിടുത്തെ ശിഷ്യഗണങ്ങളുമാണ്.
മുസ്ലിം ലോകത്ത് സ്വീകാര്യത നേടിയ ആറു ഹദീസ് ഗ്രന്ഥങ്ങളിലൊന്നാണ് ഇബ്നു മാജഃയുടെ സുനന്‍.
പ്രവാചക വചനങ്ങളെ കര്‍മശാസ്ത്രാനുസരണം ക്രമീകരിച്ച ഹദീസ് കൃതികളെയാണ് പണ്ഡിതലോകം സുനന്‍ എന്ന ഇനത്തില്‍ ഗണിക്കുന്നത്. തിരുവാക്യങ്ങളെയും പ്രവൃത്തികളെയും മൗനാനുവാദങ്ങളെയുമെല്ലാം പഴുതടച്ച മാനദണ്ഡങ്ങളോടെ കോര്‍ത്തിണക്കിയ ഹദീസ് ഗ്രന്ഥങ്ങളായിരുന്നു പില്‍ക്കാല കര്‍മശാസ്ത്ര വിശാരദരുടെ വിശകലനങ്ങളുടെ കാതലായി വര്‍ത്തിച്ചത്. മനഃപാഠപഠനം ശീലിച്ചിരുന്ന നിരക്ഷരരായ അറേബ്യന്‍ അനുചരരോട് വിശുദ്ധ ഖുര്‍ആനുമായി കൂടിക്കലരാതിരിക്കാന്‍ തിരുവധരത്തില്‍ നിന്നുതിരുന്ന വീജ്ഞാനീയങ്ങള്‍ കുറിച്ചുവെക്കല്‍ ആദ്യഘട്ടത്തില്‍ വിലക്കപ്പെട്ടിരുന്നെങ്കിലും കളവുകളും ന്യൂനതകളും വരാതെ തലമുറകള്‍ കൈമാറുകയും രണ്ടാം നൂറ്റാണ്ടിലെ ഔദ്യോഗിക ക്രോഡീകരണ പ്രവൃത്തിയാണ് ഇസ്ലാമിക വൈജ്ഞാനിക മുന്നേറ്റത്തിന് ആക്കം കൂട്ടിയുരുന്നത്.
മറ്റു അഞ്ചു കൃതികളിലുമില്ലാത്ത 1339 ഹദീസുകള്‍ കൊണ്ട് വേറിട്ടു നില്‍ക്കുന്ന സുനനുബ്നി മാജയിലെ മൂലവാക്യങ്ങളുടെ ക്രമീകരണവും ശീര്‍ഷകങ്ങളിലെ വ്യക്തതയും അതിനെ ആകര്‍ഷണീയമാക്കുന്നുണ്ട്. ഫിഖ്ഹീ മസ്അലകള്‍ കൃത്യമായടയാളപ്പെടുത്തിയ അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. അവലംബനീയമായ പൂര്‍വകാല കൈയെഴുത്തു പ്രതികള്‍ ആധാരമാക്കി പ്രസിദ്ധീകരിച്ച പതിപ്പുകളില്‍ അദ്ദേഹം സംഗ്രഹിച്ച 4321 ഹദീസുകളാണുള്ളത്. മുപ്പത്തിനാല് ഖണ്ഡങ്ങളില്‍ 1500 അധ്യായങ്ങളിലായാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.
നിദാനശാനസ്ത്രജ്ഞര്‍ മികച്ച നിവേദനമായി കണക്കാക്കുന്ന രചയിതാവിന്‍റെയും പ്രവാചകനുമിടയില്‍ മൂന്നുപേര്‍ മാത്രമുള്ള അഞ്ച് ഹദീസുകള്‍ ഇതിന് തിളക്കമേറ്റുന്നുണ്ട്. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം 22ഉം സുനനു അബീദാവൂദിലും ജാമിഉത്തിര്‍മിദിയിലും ഓരോന്ന് വീതവുമുള്ളപ്പോള്‍ സ്വഹീഹു മുസ്ലിമിലും സുനനുന്നസാഈയിലും തീരെ ഇല്ലെന്നതാണ് വസ്തുത. സുലാസിയ്യാത്ത് എന്നാണിവ വിവക്ഷിക്കപ്പെടുന്നത്. കര്‍മശാസ്ത്ര വിഷയങ്ങള്‍ക്കു പുറമെ പരിത്യാഗം, പരീക്ഷണങ്ങള്‍, ഇല്‍മീ ചര്‍ച്ചകള്‍ തുടങ്ങിയ ഭാഗങ്ങള്‍ കുടെ ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖവുരയായി തിരുചര്യകള്‍ പിന്‍പറ്റുന്നതിനെക്കുറിച്ച് കൊണ്ടു വന്ന അധ്യായത്തില്‍ ഖുലഫാഉറാശിദീങ്ങളുടെയും സ്വഹാബാക്കളുടെയും നിവേദനങ്ങള്‍ സവിസ്തരം ക്രമപ്പെടുത്തിയിരിക്കുന്നുണ്ട്.
ആരോപണവിധേയരായവരോ ബലഹീനരോ ആയ വ്യക്തികളില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട സര്‍വസ്വീകാര്യമല്ലാത്ത ഹദീസുകള്‍ ആപേക്ഷികമായി കൂടുതലുള്ള സുനനിനെ സിഹാഹുസ്സിത്തഃ എന്ന സംജ്ഞയില്‍ നിന്നും പുറത്ത് നിര്‍ത്തിയവരുണ്ട്. ശുറൂഥുല്‍ അഇമ്മതുസ്സിത്ത എന്ന ഗ്രന്ഥം രചിച്ച ഹാഫിള്വ് മുഹമ്മദ് ബിന്‍ ഥാഹിറുല്‍ മഖ്ദിസിയാണ് സുനനുബ്നി മാജയെ ആദ്യമായി ഷഡ്ശേഖരങ്ങളിലുള്‍പ്പെടുത്തിയത്. എന്നാല്‍ വിവിധ പരിഗണനകള്‍ മുന്‍നിര്‍ത്തി അഞ്ച് കിതാബുകള്‍ക്കൊപ്പം തല്‍സ്ഥാനത്ത് ഇമാം മാലികിന്‍റെ അല്‍ മുവഥ്വഇനെയോ ഇമാം ദാരിമിയുടെ സുനനിനെയോ പ്രതിഷ്ഠിച്ചവരുമുണ്ട്. ഇബ്നുല്‍ ജൗസി തന്‍റെ മൗള്വൂആത് എന്ന പ്രവാചക വാക്യങ്ങളല്ലാത്തവ സമാഹരിച്ച കൃതിയില്‍ ഇതിലെ മുപ്പത്തിനാല് ഉദ്ധരണികളുന്നയിച്ചിട്ടുണ്ടെങ്കിലും പണ്ഡിതശീര്‍ഷര്‍ അതിനെ ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. എന്നാല്‍ താരതമ്യേന പൂര്‍ണരല്ലാത്ത നിവേദകരുണ്ടെന്നതിലാല്‍ തന്നെ ആറാമതായാണ് ഇത് കണക്കിലെടുക്കപ്പെടാറുള്ളത്.
ഹദീസിനെ കൂടാതെ തഫ്സീറിലും അഗാധജ്ഞാനമുണ്ടായിരുന്ന ഇബ്നു മാജക്ക് ഹദീസുകള്‍ കൊണ്ട് വിശദീകരിച്ചെഴുതിയ ഒരു ഖുര്‍ആന്‍ വ്യാഖ്യാനമുണ്ട്. സ്വഹാബികളുടെ കാലം മുതലുള്ള ചരിത്രം സമഗ്രമായവലേകനം ചെയ്യുന്ന അത്താരീഖുല്‍ മലീഹെന്ന ഗ്രന്ഥവുമുണ്ടെങ്കിലും ഇന്ന് അവയൊന്നും ലഭ്യമല്ല. പത്തിലധികം ശര്‍ഹൂകളും ഹാശിയകളുമുള്ള സുനനിന് ഇമാം സുയൂഥി രചിച്ച മസാബീഹുസ്സുജാജ അലാ സുനനിബ്നി മാജഃയാണ് ഏറെ അവലംബിക്കപ്പെടുന്നത്.
ഉനൈസ് ഹിദായ ഹുദവി
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റ്ഡ് സയന്‍സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദാറുല്‍ ഹുദാ സെക്കന്‍ഡറി വിഭാഗം അധ്യാപകനുമാണ് ലേഖകന്‍.
