ഇമാം ബുഖാരി; ഹദീസുകള്‍ക്ക് കോട്ട കെട്ടിയ അതുല്യ പണ്ഡിതന്‍
ഇമാം ദാഖിലിയുടെ വിശ്രുതമായ നിശബ്ദമായ വിജ്ഞാനസദസ്, അവിടുന്ന് ഹദീസ് ഓതിക്കൊടുക്കുകയാണ്: 'ഇബ്റാഹീം എന്നവര്‍ അബൂസുബൈറില്‍ നിന്നും നിവേദനം ചെയ്തത്....', തലമുതിര്‍ന്ന പണ്ഡിതരടങ്ങുന്ന പരശ്ശതം ശ്രോതാക്കള്‍ക്കിടയില്‍ ഒരു പതിനൊന്നുകാരന്‍ നിസ്സംശയം പറഞ്ഞു: 'ഇബ്റാഹീം അബൂസുബൈറിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യാനിടയില്ല, അത് സുബൈര്‍ ബിന്‍ അദിയ്യാകും'. ഒരല്‍പം ചിന്തിച്ച് തെറ്റ് ബോധ്യപ്പെട്ട ഗുരു ഈ കൊച്ചുബാലന്‍ ഉന്നയിച്ച പ്രകാരം തിരുത്തിമനസ്സിലാക്കാന്‍ ശിഷ്യരോടാവശ്യപ്പെട്ടു. ഇവരാണ് പില്‍കാലത്ത് ഹദീസ് ലോകത്ത് അനശ്വരനും അദ്വിതീയനുമായ ഇമാം ബുഖാരി എന്നറിയപ്പെടുന്ന അബൂഅബ്ദില്ലാഹി മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബിന്‍ ഇബ്റാഹീം അല്‍ ജുഅഫി.
ഇന്നത്തെ ഉസ്ബക്കിസ്താനില്‍ സ്ഥിതിചെയ്യുന്ന ബുഖാറയിലെ ജൈഹൂന്‍ നദിക്കരയിലെ ഒരു ധനിക കുടുംബത്തില്‍ ഹിജ്റ 194 ശവ്വാല്‍ മാസത്തിലായിരുന്നു മഹാന്‍റെ ജനനം. ഹദീസ് പണ്ഡിതډാരായ ഇമാം മാലികിന്‍റെയും ഹമ്മാദ് ബിന്‍ സൈദിന്‍റെയും ശിഷ്യനായിരുന്ന പിതാവ് അബ്ദുല്‍ ഹസന്‍ ഇസ്മാഈല്‍ എന്നവരുടെ ഈയൊരു താല്‍പര്യം ചെറുപ്പത്തിലേ മകനിലും പ്രകടമായിരുന്നു. സമ്പത്തില്‍ സംശയാസ്പദമായതു പോലും കടന്നുവരാതെ അതീവ സൂക്ഷാലുവായിരുന്ന പിതാവിന്‍റെ ശിക്ഷണം വളരെ കുറച്ച് ലഭിക്കാനേ വിധിയുണ്ടായിരുന്നുള്ളൂ. ഭക്തയായിരുന്ന തന്‍റെ മാതാവിന്‍റെ മനമുരുകിയുള്ള പ്രാര്‍ഥനകള്‍ നിമിത്തമായി ഇബ്റാഹീം നബി പുത്രന്‍റെ അന്ധത മാറിയ സന്തോഷവാര്‍ത്ത സ്വപ്നേപി അറിയിച്ചത് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. അസാധാരണ ധിഷണയും പക്വതയും സമ്മേളിച്ച ഇമാമിന് വിശുദ്ധ ഖുര്‍ആന് പുറമെ പത്താം വയസില്‍ എഴുപതിനായിരത്തില്‍ പരം ഹദീസുകള്‍ നിവേദകപരമ്പരസഹിതം മനഃപാഠമുണ്ടായിരുന്നു. ഹദീസിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേരിലാദ്യമായറിയപ്പെട്ടത് ഇമാം ബുഖാരിയായിരുന്നു.
പതിനാറാമത്തെ വയസില്‍ മാതാവിനും സഹോദരനും ഹജ് നിര്‍വഹിച്ച് മടങ്ങിയപ്പോള്‍ അദ്ദേഹം ജ്ഞാനസമ്പാദനാര്‍ഥം മക്കയിലും തുടര്‍ന്ന് മദീനയിലുമായി ആറുവര്‍ഷത്തോളം തങ്ങുകയുണ്ടായി. ഹദീസ് നിവേദകരെ കുറിച്ചുള്ള ചരിത്രവിവരങ്ങള്‍ അക്ഷരമാലാക്രമത്തില്‍ കോര്‍ത്തിണക്കിയ എട്ട് വാള്യങ്ങളടങ്ങുന്ന ബൃഹത്തായ കൃതിയായ 'അത്താരീഖുല്‍ കബീര്‍' എഴുതുന്നത് ഇക്കാലയളവിലാണ്. നിലാവെളിച്ചത്തില്‍ വിശുദ്ധ റൗള്വക്കരികെയിരുന്ന് രചന നിര്‍വഹിച്ച ഈ ഗ്രന്ഥത്തിന്‍റെ മുഖവുരയില്‍ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലെ അനിവാര്യത ചൂണ്ടിക്കാട്ടുകയും വ്യക്തിഹത്യയിലെന്നതുപരി പ്രവാചകവചനങ്ങള്‍ നിവേദനം ചെയ്യുന്നവര്‍ക്കുണ്ടായിരിക്കേണ്ട വിശേഷണങ്ങളെ കുറിച്ച് പൊതുവായ ബോധമുണ്ടാക്കുവാനായി തനിക്കവരെക്കുറിച്ചറിച്ചറിയാവുന്നത് മുഴുവനെഴുതാതെ ചരിത്രകാരുടെ ഉദ്ധരണികളൊരുമിച്ച് കൂട്ടാനുള്ളൊരെളിയൊരുദ്യമം മാത്രമാണിതെന്നും വിവരിച്ചത് കാണാം. താന്‍ ഏതേത് ഹദീസുകള്‍ ഹൃദിസ്ഥമാക്കുമ്പോഴും നിവേദകരെ കുറിച്ച് വ്യക്തമായ ധാരണയോടെയാണെന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനത്തില്‍ സംശയാസ്പദമായവരെ എന്നും പടിക്കുപുറത്ത് നിര്‍ത്താനും ആ ഒരു തരത്തിലേക്ക് ഹദീസ് ചര്‍ച്ചകളെത്തിക്കാനുമുള്ള ശ്രമങ്ങള്‍ പരക്കെ വ്യാപിപ്പിക്കാനും ഈ കൃതിക്കായി. ബഗ്ദാദിലൊരിക്കല്‍ മഹാനവര്‍കളുടെ ആഴമളക്കാന്‍ നൂറുകണക്കിന് ഹദീസുകള്‍ നിവേദകരടക്കം പരസ്പരം കൂട്ടിക്കലര്‍ത്തിയവര്‍ തോല്‍വി സമ്മതിച്ചത് അദ്ദേഹത്തിന്‍റെ അതുല്യപാടവം വിളിച്ചോതുന്നുണ്ട്.
ഹദീസ് ക്രോഡീകരണത്തിന്‍റെ ഔദ്യോഗികഘട്ടം കഴിഞ്ഞിരുന്നുവെങ്കിലും ഒറ്റപ്പെട്ട വ്യക്തികളില്‍ നിന്നെല്ലാമുള്ള ഹദീസ് ശേഖരണത്തിനും ഒരു ഹദീസ് തന്നെ മറ്റു നിവേദകപരമ്പരയിലൂടെ ലഭ്യമാവാനും ഒട്ടനേകം യാത്രകള്‍ നടത്തിയ അദ്ദേഹം ഹിജാസ്, ബസ്വറ, കൂഫ, ഈജിപ്ത്, ദമസ്കസ് തുടങ്ങി അനവധി ദേശാന്തരങ്ങള്‍ താണ്ടി. ഒരു കപ്പല്‍യാത്രാമധ്യേ കളവു സംശയിക്കപ്പെടാതിരിക്കാന്‍ ആയിരം ദീനാറടങ്ങിയ പണക്കിഴി കടലിലേക്കെറിയാനുള്ള തന്‍റെ ന്യായം ഹദീസുകളില്‍ കരിനിഴല്‍ വരരുതെന്നായിരുന്നു. അതുപോലെ മാസങ്ങള്‍ പിടിച്ച യാത്രയിലും നിവേദകന്‍റെ വിശ്വാസ്യതയില്‍ തൃപ്തനല്ലാതെ ഹദീസ് സ്വീകരിക്കാതെ പരിഭവലേശമന്യേ മടങ്ങാനദ്ദേഹത്തെ പ്രാപ്തനാക്കിയത് തിരുവരുളുകളോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നുവെന്നും സുഗ്രാഹ്യമാണ്. ഗവര്‍ണറായിരുന്ന ഖാലിദ് ബിന്‍ അഹ്മദ് രചിച്ച ഗ്രന്ഥങ്ങളുമായി തന്നെ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍, അധികാരവര്‍ഗത്തിന്‍റെ രമ്യഹര്‍മങ്ങളിലേക്കയച്ച് വിജ്ഞാനത്തെ നിന്ദിക്കാന്‍ താനാളല്ലെന്നു പ്രഖ്യാപിച്ചതുമൂലം നേരിട്ട ആരോപണങ്ങളെയും ഭ്രഷ്ടുകല്‍പിക്കലും നിസ്സങ്കോചം നേരിടാനുമദ്ദേഹത്തിനായി.
ഇമാം ബുഖാരിയുടെ ഖ്യാതി അനശ്വരമാക്കിയ മാസ്റ്റര്‍പീസ് കൃതിയാണ് സ്വഹീഹുല്‍ ബുഖാരി എന്ന ചുരുക്കത്തിലറിയപ്പെടുന്ന അല്‍ജാമിഉസ്സഹീഹുല്‍ മുഖ്തസ്വര്‍ മിന്‍ ഹദീസി റസൂലില്ലാഹി വസുനനിഹി വഅയ്യാമിഹി എന്ന മുസ്ലിം ലോകം ഏകോപിച്ച രണ്ടാം ഖുര്‍ആന്‍. തന്‍റെ ഗുരു ഇസ്ഹാഖ് ബിന്‍ റാഹവൈഹിയുടെ അഭിലാഷമായിരുന്ന സ്വഹീഹായ ഹദീസുകളുടെ സമാഹാരമെന്നത് പൂവണിയിക്കാന്‍ ഉല്‍ക്കടമായാഗ്രഹത്തിന് റസൂലിനെ പ്രാണ്കളില്‍ നിന്നും വിശറികൊണ്ടകറ്റുന്ന സ്വപ്നദര്‍ശനത്തിന്‍റെ പിന്‍ബലം കൂടെയായതോടെയാണ് ഈ മഹാദൗത്യത്തിന് ഇമാം കച്ചകെട്ടിയിറങ്ങുന്നത്. 1800ലധികം ഗുരുക്കളില്‍ നിന്നായി മനഃപാഠമുള്ള ആറുലക്ഷത്തിലധികം ഹദീസുകളില്‍ നിന്ന് അന്യൂനമായ തന്‍റെ മാനദണ്ഡങ്ങളോടു യോജിച്ച 7275 തിരുവാക്യങ്ങളാണ് 97 ഖണ്ഡങ്ങളില്‍ 3450 അധ്യായങ്ങളിലായുള്ളത്. മൂലവാക്യവും നിവേദകരുമായി ബന്ധപ്പെട്ട ചില ലക്ഷ്യങ്ങള്‍ക്കായി ആവര്‍ത്തിച്ചുവന്ന ഹദീസുകള്‍ നാലായിരത്തിലധികമാണ്. ശാഫിഈ മദ്ഹബില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മഹാനവര്‍കളുടെ ശീര്‍ഷകങ്ങളെക്കുറിച്ചും മറ്റനവധി ഗോപ്യവിഷയങ്ങളുമനാവരണം ചെയ്ത് വിശദീകരണ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. പരസ്പരം കണ്ടിട്ടുണ്ടെന്ന സ്ഥിതീകരണം ലഭിച്ചവരില്‍ നിന്നും ഹദീസുകള്‍ സ്വീകരിക്കുമായിരുന്ന അദ്ദേഹം രചനക്കെടുത്ത നീണ്ട പതിനാറു വര്‍ഷക്കാലയളവിനുള്ളില്‍ ഓരോ ഹദീസ് ചേര്‍ക്കുന്ന അവസരത്തിലും കുളിച്ച് രണ്ട് റക്അത് നമസ്കരിക്കാറുണ്ടായിരുന്നുവെന്ന് മഹാന്‍റെ വാക്കുകളില്‍ തന്നെ കാണാം. ലോകത്തെ മുഴുവന്‍ സ്വഹീഹായ ഹദീസുകളുമൊരുമിച്ച് കൂട്ടല്‍ അസാധ്യമാണെന്നിരിക്കെ സ്വഹീഹല്ലാത്തവ തീരെ ഇതിലില്ലെന്ന് പണ്ഡിതപടുക്കള്‍ വിധിയെഴുതിയതിനുമേല്‍ ചില സ്വാഭീഷ്ടക്കാര്‍ തങ്ങള്‍ക്കനുകൂലമല്ലാത്തവ മൂലം ഇതിന്‍റെ വിശ്വാസ്യതക്കെതിരെ വിലകുറഞ്ഞ ജല്‍പനങ്ങളെയ്തു വിട്ടിട്ടുണ്ട്. ഇമാം മാലികിന്‍റെ അല്‍ മുവത്വയില്‍ സ്വഹാബാക്കളുടെ വാക്കുകളും സ്വന്തമായ അഭിപ്രായങ്ങളുമുണ്ടായിരുന്നെങ്കില്‍ ബുഖാരിയിലെ ഹദീസുകള്‍ക്കിടയില്‍ അവ തീരെ ഇല്ല. നിവേദകപരമ്പരയില്‍ നിന്ന് രണ്ടിലധികം പേര്‍ കളയപ്പെട്ടതോ സനദില്ലാത്തതോ ആയ മുഅല്ലഖായ അസറുകള്‍ ചില തലവാചകങ്ങളില്‍ വന്നുവെങ്കിലും മിക്കതും മറ്റൊരവസരത്തില്‍ പൂര്‍ണമായി വന്നതാണ്. 1322 ഉദ്ധരണികളുള്‍ക്കൊള്ളുന്ന അല്‍അദബുല്‍ മുഫ്റദ് എന്ന മുസ്ലിമിന്‍റെ മര്യാദകള്‍ വരച്ചു കാട്ടുന്ന ഇമാമിന്‍റെ തന്നെ കൃതിയില്‍ ഇത്രത്തോളം സൂക്ഷ്മ മാനദണ്ഡങ്ങള്‍ ഇല്ല.
എണ്‍പതിലധികം അറബി വ്യാഖ്യാനങ്ങള്‍ തന്നെയുള്ള സ്വഹീഹുല്‍ ബുഖാരിക്ക് ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരിയാണ് ഏറെ പ്രസിദ്ധമായത്. ക്ലേശകരമായ ബുഖാരിയുടെ വ്യാഖ്യാന ദൗത്യം എട്ടാം ശതകം വരെ മുസ്ലിം പണ്ഡിതര്‍ക്കുമേല്‍ ഒരു കടബാധ്യത കണക്കെയുണ്ടെന്ന് ഇബ്നു ഖല്‍ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ നിരീക്ഷിച്ചിട്ടുണ്ട്. പരീക്ഷണങ്ങളേറെ നേരിട്ട മഹാന്‍, ജډദേശമായ ബുഖാറയിലും തല്‍പരകക്ഷികള്‍ മുഅ്തസിലിയെന്നും ഖുര്‍ആന്‍ സൃഷ്ടിവാദിയെന്നൊക്കെയുള്ള ആരോപണങ്ങളെയ്തുവിട്ട സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ഹിജ്റ 256 ശവ്വാല്‍ ഒന്നിന് ചെറിയ പെരുന്നാള്‍ ദിനത്തില്‍ തന്‍റെ 62ാമത്തെ വയസ്സില്‍ നാഥനിലേക്ക് മടങ്ങുകയുമുണ്ടായി. സ്വഹീഹിന് ആശീര്‍വാദമേകിയ അലിയ്യുല്‍ മദീനി, അഹ്മദ് ബിന്‍ ഹന്‍ബല്‍ എന്നീ ഗുരുവര്യരും ഇമാം മുസ്ലിമടങ്ങുന്ന വിശാലമായ ശിഷ്യഗണങ്ങളും അവിടുത്തെ മാറ്റ് കൂട്ടുന്നു. ഖര്‍ഥന്‍കിലെ പരിമളമൊഴുകിയിരുന്ന ഖബ്റിനരികേ പ്രാര്‍ഥനക്ക് ഇജാബതുള്ളതായി നിരവധി അനുഭവങ്ങള്‍ സാക്ഷി!
ഉനൈസ് ഹിദായ ഹുദവി
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റ്ഡ് സയന്‍സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദാറുല്‍ ഹുദാ സെക്കന്‍ഡറി വിഭാഗം അധ്യാപകനുമാണ് ലേഖകന്‍.

