രിഹ്‌ല 2016: റിപ്പോര്‍ട്ട്
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഹൈദരാബാദും ദയൂബന്ദുമായുള്ള പഠനകേന്ദ്രങ്ങളും ലൈബ്രറികളും സന്ദര്‍ശിച്ച ഹദീസ് ഡിപാര്‍ട്ട്‌മെന്റിലെ പൂര്‍വവിദ്യാര്‍ഥികളുടെയും മറ്റും മാര്‍ഗനിര്‍ദേശങ്ങളോടെ, 29 വിദ്യാര്‍ഥികളടങ്ങുന്ന ഞങ്ങളുടെ സംഘം ഹെഡ് ഉസ്താദ് സ്വലാഹുദ്ദീന്‍ ഹുദവിയുടെ നേതൃത്വത്തില്‍ ശൈഖുനാ, ഹാജിയാര്‍ എന്നിവരുടെ ഖബര്‍ സിയാറത്തിനു ശേഷം 2016 മാര്‍ച്ച് 5 ശനിയാഴ്ച വൈകീട്ട് അഞ്ചിന് പരപ്പനങ്ങാടിയില്‍ നിന്നും എറണാംകുളം നിസാമുദ്ദീന്‍ ട്രെയ്നില്‍ രിഹ്‌ല തിരിച്ചു.
41 മണിക്കൂര്‍ നീണ്ടുനിന്ന ഞങ്ങളുടെ യാത്ര തിങ്കളാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ആഗ്ര കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി. താജ്മഹലും ചെങ്കോട്ടയും കണ്ട് രാത്രിയോടെ തുണ്ട്‌ല ജംഗ്ഷനില്‍ നിന്നും 661 കിലോമീറ്റര്‍ അകലെയുള്ള ദില്‍ദാര്‍ നഗര്‍ ജംഗ്ഷന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
വൈകിയോടിയ വണ്ടി ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഗാസിപൂര്‍ ജില്ലയിലെ ദില്‍ദാര്‍ നഗറിലെത്തിയത്. ദില്‍ദാര്‍ നഗര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നും മൂന്ന് മണിക്കൂര്‍ വഴിദൂരമുള്ള ജാമിഅ അംജദിയ്യ രിള്‌വിയ്യയിലേക്കുള്ള യാത്ര ദുസ്സാധ്യമായതിനാല്‍ തന്നെ സ്‌റ്റേഷനില്‍ നിന്നും പരിചയപ്പെട്ട മൗലാനാ ഹമ്മാദ് സാഹിബിന്റെ ക്ഷണപ്രകാരം രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഹുസൈനാബാദിലെ ജാമിഅ അറബിയ്യ മഖ്‌സനുല്‍ ഉലൂമില്‍ അന്ന് ഞങ്ങള്‍ രാത്രിയുറങ്ങി. 1961 ല്‍ അസ്അദ് മദനി തറക്കല്ലിട്ട് പ്രവര്‍ത്തനമാരംഭിച്ച ഇവിടെ സംസ്ഥാനത്തിനു പുറത്തുനിന്നടക്കം 250 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ നിഷിദ്ധമായി കാണുന്ന ഇവിടെ ഖുര്‍ആന്‍ മനപാഠമാക്കുകയാണ് പ്രധാന പഠനം. ദയൂബന്ദികളാണെങ്കിലും വളരെ മാന്യമായ അവരുടെ ആതിഥ്യം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു.
ജാമിഅ അംജദിയ്യ രിസ്‌വിയ്യ, ഗോസി
09. 03. 16 ബുധന്‍ രാവിലെ ലോക്കല്‍ ട്രെയിന്‍ വഴി ഗാസിപൂരിലെത്തിയ ഞങ്ങള്‍ അവിടെ നിന്ന് ഒന്നരമണിക്കൂര്‍ ബസ് യാത്ര ചെയ്ത് മൂന്ന് മണിയോടെ മഊനത് ഗഞ്ജ് (മാഉ) ജില്ലയിലെത്തി. അംജദിയ്യ, ശംസുല്‍ ഉലൂം അറബിക്ക് കോളേജ്, ദയൂബന്ദി ആശയത്തെ പിന്തുണക്കുന്നവര്‍ക്കായുള്ള ദാറുല്‍ ഉലൂം മദ്‌റസത്തുല്‍ മുഹമ്മദിയ്യ തുടങ്ങി അനവധി വിദ്യാഭ്യാസ സമുച്ചയങ്ങളും അതിലേറെ പള്ളികളുമായി മുസ്ലിംകള്‍ ഏറെയുള്ള ഒരു ജില്ലയാണിത്. അതിലേറെ എടുത്തു പറയേണ്ട ഒന്നാണ് ഗോസിയിലെ ജാമിഅ അംജദിയ്യ രിസ്‌വിയ്യ. 1983ലാണ് ഇത് സ്ഥാപിതമായത്. രിഹ്‌ലയുടെ ഇവിടുത്തെ മുഖ്യലക്ഷ്യം സ്ഥാപന സന്ദര്‍ശനവും ശൈഖുല്‍ ഹദീസ് അല്ലാമാ ളിയാഉല്‍ മുസ്തഫയുമായുള്ള കൂടിക്കാഴ്ച്ചയും അവരുടെ ബുഖാരി ക്ലാസില്‍ പങ്കെടുക്കലുമായിരുന്നു. 40ലധികം വര്‍ഷമായി ബുഖാരി സബ്ഖ് നടത്തുന്ന ളിയാഉല്‍ മുസ്തഫയുടെ ക്ലാസ് ദര്‍സെ ബുഖാരി എന്ന പേരില്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ ക്രോഡീകരിച്ച് പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. സ്വദ്‌റുശ്ശരീഅ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ളിയാഉല്‍ മുസ്തഫയുടെ പിതാവും അഅ്‌ലാ ഹസ്‌റതിന്റെ ശിഷ്യനുമായ അംജദ് അലി (1296-1367/1878-1948 സെപ്തംബര്‍ 2) വലിയ പണ്ഡിതനും ഥ്വരീഖത്തിന്‍റെ ശൈഖുമായിരുന്നു. ഇദ്ദേഹത്തിന്‍റെ ഥ്വരീഖത്തിലേക്ക് ചേര്‍ത്തിയാണ് അംജദി എന്ന് വിളിക്കപ്പെടുന്ന്ത്. ഹനഫീ മദ്ഹബിലെ സുപ്രധാന ഗ്രന്ഥമായ ബഹാറെ ശരീഅയുടെ രചയിതാവായ അദ്ദേഹം സ്ഥാപനത്തിന്റെ മുറ്റത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഒന്നാം നിലയില്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്കും രണ്ടാം നിലയില്‍ സിയാറതിനു വരുന്നവര്‍ക്കുമായി സൗകര്യം ചെയ്ത മനോഹരമായ മസാറിന്റെ മുമ്പില്‍ സ്ഥാപിച്ചിരുക്കുന്ന ബോര്‍ഡില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് തന്നെ മുസന്നിഫ് ബഹാറെ ശരീഅ മൗലാനാ അംജദ് അലി എന്നാണ്. ഹനഫി മദ്ഹബനുസരിച്ച് മുഫ്തീ കോഴ്‌സ് ചെയ്യുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ഈ വിലപ്പെട്ട ഗ്രന്ഥം പാഠ്യപദ്ധതിയിലുണ്ടത്രേ. അംജദിയ്യയില്‍ ഒരു വര്‍ഷ ഫള്വീലത് കോഴ്‌സിന് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളാണ് ഞങ്ങളെ സ്വീകരിച്ചത്. അവിടെയുണ്ടായിരുന്ന 10 വിദ്യാര്‍ഥികളും പ്രാസ്ഥാനികമായ എല്ലാ അന്തരങ്ങളും മാറ്റിവെച്ച് ഞങ്ങള്‍ക്ക് ആതിഥ്യമരുളി. അംജദ് അലിയുടെ ശിഷ്യനും ബറേല്‍വി ആശയത്തില്‍ സ്വഹീഹുല്‍ ബുഖാരിക്ക് നുസ്ഹത്ത് അല്‍ ഖാരി എന്ന പേരില്‍ ഒമ്പത് വാള്യങ്ങളിലായി ഉര്‍ദുവില്‍ വ്യാഖ്യാനവുമെഴുതിയ മുഹദ്ദിസു മൗലാനാ മുഹമ്മദ് ശരീഫുല്‍ ഹഖ് സ്വാഹിബെ അംജദി (1340-1421/1921-2000) യുടെ ഗോസിയില്‍ തന്നെയുള്ള മസാര്‍ സിയാറതിന് ശേഷം ഇദ്ദേഹത്തിന്റെ മൂത്തമകനും യൂനാനി ഫിസിഷ്യനുമായ ഡോ. മുഹിബ്ബുല്‍ ഹഖുമായി അടുത്തുള്ള പള്ളിയില്‍ വെച്ച് ഞങ്ങള്‍ കൂടിക്കാഴ്ച്ച നടത്തി. മനുഷ്യന്റെ ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ടതടക്കമുള്ള പിതാവിന്റെ രചനകളും ഹനഫീ മദഹബില്‍ പിതാവിന്റെ 12 ഭാഗങ്ങളിലുള്ള ഒരു ലക്ഷത്തോളം ഫത്‌വകളുടെ സമാഹാര ഗ്രന്ധമായ ഫതാവയെ ശാരിഹ് ബുഖാരിയും അദ്ദേഹം പരിചയപ്പെടുത്തി. കിങ് ഫൈസല്‍ അവാര്‍ഡ് ജേതാവ് കൂടിയായ മുഹമ്മദ് ശരീഫുല്‍ ഹഖ് ദയൂബന്ദി ബറേല്‍വി അഭിപ്രായ ഭിന്നതളെ സംബന്ധിച്ച് മറ്റൊരു ഗ്രന്ഥം കൂടി രചിച്ചിട്ടുണ്ട്. ജാമിഅ അഷ്‌റഫിയ്യയില്‍ മുദരിസ്സായിരുന്ന അദ്ദേഹത്തിന് അഖീദയിലും തസവ്വുഫിലും ഗ്രന്ഥങ്ങളുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ കയ്യിലുള്ള ശഅ്‌റെ മുബാറക്കിനെ പറ്റി ചോദിച്ചയുടനെ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും സല്‍ക്കരിക്കുകയും പരമ്പരാഗതമായി കൈമാറിപ്പോന്ന ചെറിയെരു ചില്ലിന്‍കൂട്ടില്‍ സൂക്ഷിച്ച് വച്ച ആ മുടി നാര് ഞങ്ങളെ മൗലിദിന്റെ അകമ്പടിയോടെ കാണിക്കുകയും ചെയ്തു.
ജ്ഞാനികളും പര്‍ദ്ദ ധരിച്ച് പുറത്തിറങ്ങുന്നവരുമായ മഹിളകള്‍ ഇവിടുത്തെ കൌതുക കാഴ്ച്ചയാണ്. സ്ത്രീവിദ്യാഭ്യാസ സംരംഭങ്ങള്‍ കൂടുതലുള്ള ഇവിടെ അംജദിയ്യക്കു കീഴിലും കുല്ലിയ ബനാത്ത് അല്‍അംജദിയ്യ എന്ന പേരില്‍ ഒരു പ്രമുഖ വനിതാ കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. മതസ്ഥാപനങ്ങളും ഓരോ വീടുകളിലും നിര്‍ബന്ധം പോലെ കാണുന്ന ഒരു പണ്ഡിതനും പണ്ഡിതയും ഹാഫിളുകളും ഇവിടെത്തെ പ്രത്യേക ആകര്‍ഷകങ്ങളാണ്. 90 ശതമാനവും മുസ്ലിംകള്‍ താമസിക്കുന്ന ഗോസിയില്‍ ഭൂരിഭാഗവും ബറേല്‍വി ആശയത്തെയാണ് പിന്‍തുണക്കുന്നത്. ഗോസിയിലെ ബറേല്‍വി-ദയൂബന്ദി ഭിന്നിപ്പ് എതിര്‍ വിഭാഗക്കാരന്‍റെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക, അവരുടെ വാഹനത്തില്‍ യാത്രചെയ്യാതിരിക്കുക എന്നിങ്ങനെ അതി രൂക്ഷമാണ്. ദയൂബന്ദി ഉലമാക്കള്‍ സര്‍ക്കാര്‍ പൈസ ഹറാമാണെന്ന് പറയുമ്പോള്‍ അംജദിയ്യ പോലോത്ത ബറേല്‍വി സ്ഥാപനങ്ങള്‍ ഇതിനു അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇവിടുത്തെ മൗലാനമാരുടെ ഏഴുലക്ഷം വരെയുള്ള പ്രതിവര്‍ഷ ശമ്പളത്തിനുള്ള ഗ്രാന്‍ഡ് അനുവദിക്കുന്നത് പോലും സര്‍ക്കാരാണ്. ഇവിടുത്തെ ഖാളിയും ശൈഖുല്‍ ഹദീസുമായ മൗലാനാ ളിയാഉല്‍ മുസ്തഫ തന്നെയാണ് ജാമിഅ അംജദിയ്യ രിള്‌വിയ്യയുടെ സ്ഥാപകനും. ജാമിഅ അഷ്‌റഫിയ്യ മുബാറക്ക്പൂരില്‍ പതിറ്റാണ്ടുകളോളം സേവനം ചെയ്ത ഇദ്ദേഹം ഫോട്ടോ ഹറാമാണ്, ട്രയിനില്‍ നിന്ന് നിസ്‌കരിച്ചത് മടക്കണം, ജുമുഅ ഖുത്വുബക്ക് മൈക്ക് ഉപയോഗിക്കരുത് തുടങ്ങി മസ്അലാ പരമായ ഭിന്നതകള്‍ വെച്ച് പുലര്‍ത്തുന്നു. പിതാവിന്‍റെ സ്മരണാര്‍ത്ഥമാണ് സ്വദേശത്ത് അംജദിയ്യ സ്ഥാപിക്കുന്നത്. സാരി നെയ്ത്തുയന്ത്രങ്ങള്‍ മിക്കവീടുകളിലും ഉണ്ടെങ്കിലും സര്‍ക്കാര്‍ വക വൈദ്യുതി ഈ ദേശത്തൊക്കെ രാവിലെയും വൈകീട്ടും 5 മണി മുതല്‍ 3 മണി വരെ മാത്രമെ ഉണ്ടാവൂ. ആഴ്ചയിലെ പൊതു അവധിയായി അവരംഗീകരിച്ച ആ ബുധനാഴ്ച രാത്രി വരാണസിയില്‍ നിന്ന് മടങ്ങിയെത്തിയ മൗലാനാ ളിയാഉല്‍ മുസ്തഫയുമായുള്ള കൂടിക്കാഴ്ച്ചക്ക് ഖാദിമുമായി സംസാരിച്ചുറപ്പിച്ചാണ് ഞങ്ങളന്ന് കിടക്കാന്‍ പോയത്.
10.03.16 വ്യാഴം രാവിലെ സ്ഥാപന നാള്വിമും മൂത്തമകനുമായ അലാഉല്‍ മുസ്തഫയുമായി സംസാരിക്കുകയും മൗലാനാ ളിയാഉല്‍ മുസ്ഥഫയെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു. പിതാവ് മൗലാനാ അംജദ് അലി താമസിച്ചിരുന്ന തറവാട്ടില്‍ തന്നെയാണ് അദ്ദേഹം താമസിച്ച് വരുന്നത്. വനിതാ കോളേജിലെ അധ്യാപനം കഴിഞ്ഞ് അധികം വൈകാതെ അദ്ദേഹം വരികയും ഞങ്ങളെ വീട്ടിനത്തേക്ക് ക്ഷണിക്കുകയും ചെയ്തു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ട് പോലും അദ്ദേഹം നേരിട്ടു തന്നെയാണ് ഞങ്ങളെ സല്‍കരിച്ചതും സ്വീകരിച്ചിരുത്തിയതും. മുഫ്തിയെ അഅ്‌ള്വമെ ഹിന്ദ് താജുശ്ശരീഅ അഖ്തര്‍ റസാ അസ്ഹരിയുടെ നാഇബ് ഖാസിയും അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമയുടെ അദ്ധ്യക്ഷനുമായ അദ്ദേഹത്തിന്‍റെ അടുത്തും തിരുകേശമുണ്ടെന്ന് പിന്നീടറിയാന്‍ സാധിച്ചു. കേരളക്കാരാണ് എന്നറിഞ്ഞപ്പോള്‍ അവിടെ സന്ദര്‍ശിച്ച അനുഭവം ഞങ്ങളുമായി പങ്ക് വെച്ചു. ബുഖാരിയുടെ ഇജാസത്ത് ശിഷ്യന്‍മാര്‍ക്ക് മാത്രമേ നല്‍കാറുളളു എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ബുഖാരി ക്ലാസില്‍ പങ്കെടുക്കാനുള്ള താല്‍പര്യം അറിയിച്ചതിനെ തുടര്‍ന്ന് സമ്മതിക്കുകയും അംജദിയ്യയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ശേഷം സ്ഥാപനത്തിന്റെ മൂദീറും അല്ലാമയുടെ രണ്ടാമത്ത മകനുമായ മൗലാനാ അലാഉല്‍ മുസ്ഥഫയുമായി വൈജ്ഞാനിക ചര്‍ച്ചകള്‍ നടത്തി. കൂട്ടത്തില്‍ ഞങ്ങളോരോര്‍ത്തര്‍ക്കും അംജദിയ്യയെ പരിചയപ്പെടുത്തുന്ന ചെറിയ പുസ്തകവും അവിടെ നിന്ന് പുറത്തിറക്കുന്ന സഹ്മാഹീയും ഹദീസ് മക്തബിലേക്ക് പ്രതേകമായി മറ്റു ചില പുസ്തകങ്ങളും സമ്മാനിക്കുകയും ഉണ്ടായി. ഹദീസുമായി ബന്ധപ്പെട്ട ഒട്ടനേകം പി ഡി എഫ് കോപ്പികള്‍ അവിടെ നിന്നും കൈപ്പറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
അംജദിയ്യയില്‍ രാവിലെ 08.00 ന് ആരംഭിക്കുന്ന ക്ലാസ് ക്യത്യം ഉച്ചയ്ക്ക് 01.00 നാണ് അവസാനിക്കുക. മൗലാനാ ളിയാഉല്‍ മുസ്ഥഫയുടെ ബുഖാരി ക്ലാസ് 12.45 ന് തുടങ്ങുന്നതിനാല്‍ അംജദിയ്യയിലെ ദാറുല്‍ ഇഫ്താഅ്, ലൈബ്രറി തുടങ്ങിയവ സന്ദര്‍ശിക്കുകയും അവ കൈകാര്യം ചെയ്തു വരുന്ന മൗലാനമാരുമായി സംസാരിക്കുകയും ചെയ്തു. 12.30 ഓടെ ഖാദിമിന്റെ ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കിന് പിറകിലിരുന്ന് അല്ലാമ കോളേജിലേക്ക് കടന്നുവന്നു. വളരെ ഭവ്യതയേടെയാണ് അദ്ദേഹം ക്ലാസ് കൈകാര്യം ചെയ്യുന്നത്. ആദ്യമായി എടുക്കാനുള്ള പാഠഭാഗം വിദ്യാര്‍ത്ഥികളെ കൊണ്ട് വായിപ്പിക്കുകയായിരുന്നു. വായനയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് അത് തിരുത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ സബ്ഖിനോട് ചെറിയ രീതിയിലുള്ള സാദൃശ്യം അദ്ദേഹത്തിന്റെ ക്ലാസിനനുഭവപ്പെട്ടു. ആഴത്തിലുള്ള സംഭവങ്ങളും ചര്‍ച്ചകളുമാണ് അദ്ദേഹം ഓരോ ഹദീസിന് കീഴലുമായി കൊണ്ട് വന്നത്. ക്ലാസവസാനിപ്പിച്ചതിന് ശേഷം കൂടതല്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യപെട്ടിരുന്നെങ്കിലും പുറത്ത് മസ്അലകള്‍ക്കും പ്രശ്‌ന പരിഹാരത്തിനുമായി കാത്തിരുന്നവരുടെ കൂട്ടത്തിലേക്ക് പോയ അദ്ദേഹത്തെ പിന്നീട് സ്വസ്ഥമായി കിട്ടിയില്ല.
ജാമിഅ അഷ്‌റഫിയ്യ, മുബാറക്പൂര്‍
ളുഹര്‍ നമസ്‌കാരത്തിന് ശേഷം ഭക്ഷണവും കഴിച്ച് ജാമിഅ അശ്‌റഫിയ്യ മുബാറക്പൂരിലേക്ക് പോകാനായി ഞങ്ങള്‍ തയ്യാറായി നിന്നു. 03.00 മണിക്ക് പോകാനുള്ള രണ്ട് എയ്‌സ് വണ്ടികള്‍ സൗകര്യപ്പെടുകയും ഗോസിയോട് യാത്ര പറഞ്ഞ് അഅ്‌സംഘട്ട് ജില്ലയിലെ മുബാറക്പൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇവിടെ നിന്നും 100ലധികം കിലോമീറ്ററുകള്‍ക്കകലെ ഭ്രാന്തന്മാര്‍ക്ക തങ്ങളുടെ അസുഖമെല്ലാം സുഖപ്പെടുമെന്ന് പരീക്ഷിച്ചറിഞ്ഞ കിച്ചൗച്ച് എന്ന സ്ഥലത്ത് മറവ് ചെയ്യപ്പെട്ട ഹസ്രത്ത് അശ്‌റഫ് സിംനാനീ എന്നവരിലേക്ക് ചേര്‍ത്താണ് അശ്‌റഫിയ്യ എന്നറിയപ്പെടുന്നത്. സ്ഥാപകനും സ്വദ്‌റുശ്ശരീഅയുടെ ശിഷ്യനുമായ ഹാഫിള്വുല്‍ മില്ലത്ത് അബ്ദുല്‍ അസീസ് എന്നവരുടെ ഉറൂസ് നടക്കുന്നതിനാല്‍ അവിടെ ഞങ്ങള്‍ക്ക് കൂടുതലൊന്നും ചെയ്യാനായില്ല. വിശാലമായ കാമ്പസും ലൈബ്രറി സൗകര്യങ്ങളും തഖസ്സുസുകളുമായി ഒരു ഉന്നത ഇസ്ലാമിക സര്‍വകലാശാലയുടെ പ്രൗഢി തോന്നിച്ചു ഈ സ്ഥാപനം. ഇവിടുത്തെ വമ്പിച്ച ഉറൂസ് പരിപാടികളും ഒരു വേറിട്ട അനുഭവമായി ഞങ്ങള്‍ക്ക് തോന്നി. അടുത്തുള്ള സത്യാവോന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാത്രി 10. 30 ഓടെ ലക്‌നൗവിലേക്കുള്ള ട്രയിനില്‍ ഞങ്ങള്‍ കയറിപ്പറ്റി.
ദാറുല്‍ ഉലും അത്താബിഅ ലി നദ്‌വതില്‍ ഉലമാ, ലക്‌നൗ
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ഞങ്ങള്‍ അറബ് സാഹിത്യത്തിന്റെ വീണ്ടെടുപ്പിനായി സ്ഥാപിതമായ വിശ്വവിഖ്യാത കേന്ദ്രമായ ദാറുല്‍ ഉലും അത്താബിഅ ലി നദ്‌വതില്‍ ഉലമാ കാമ്പസിലെത്തി. ദാറുല്‍ ഹുദാ വിദ്യാര്‍ഥിയായിരുന്ന മുക്കം അര്‍ശദ്, നന്തി ദാറുസ്സലാം പൂര്‍വവിദ്യാര്‍ഥി ജാസിര്‍ ദാരിമി എന്നിവര്‍ റെയില്‍വെ സ്‌റ്റേഷന്‍ മുതല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അല്‍പ വിശ്രമത്തിന് ശേഷം ഞങ്ങള്‍ കാമ്പസ് കാണാനിറങ്ങി. കൊളോനിയല്‍ വത്കരണത്തിന്റെ പരിണിത ഫലമെന്നോളം അറബ് സാഹിത്യത്തെ ഗ്രസിച്ച വിപത് ചലനങ്ങള്‍ക്കെതിരെയുള്ള പണ്ഡിത കൂട്ടമായിരുന്നു നദ്‌വ. പ്രൗഢി വിളിച്ചോതുന്ന നവാബുമാരുടെ നഗരത്തില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന കെട്ടിടങ്ങള്‍ക്കും ഈ ഗാംഭീര്യമുണ്ട്. നൂറ്റാണ്ടുകളോളം ജ്ഞാനം പകര്‍ന്ന സ്‌പെയ്ന്‍ തീരങ്ങളിലെ കൊര്‍ദോവയാണ് നദ്‌വയിലൂടെ വെളിച്ചം കണ്ടെതെന്ന് ചരിത്രം പറയുന്നു. തഫ്‌സീറും ഹദീസും പാഠ്യവിഷയങ്ങളാണെങ്കിലും അദബുല്‍ അറബിയുടെ പ്രകട സ്വാധീനങ്ങള്‍ നദ്‌വയുടെ പ്രത്യേകതയാണ്. 1893 ല്‍ കാണ്‍പൂരില്‍ വെച്ച് നടന്ന യോഗമാണ് നദ് വയുടെ രൂപീകരണത്തിന് വഴിവെച്ചത്. അലീഗഢും ദയൂബന്ദും തുറന്നു വിട്ട വാദങ്ങള്‍ക്കിടയിലെ മധ്യ പാലമായിരുന്നു നദ്‌വ. അമീനാബാദിലെ പുഴക്കരയില്‍ രൂപം കൊണ്ട ഈ മഹാദൗത്യം പിന്നീട് സൗകര്യപ്പെട്ട ഇടത്തേക്ക് പറിച്ചു നടുകയായിരുന്നു. സ്വദേശികളും വിദേശികളുമായി ഇന്ന് അനവധി പേര്‍ 4 വര്‍ഷത്തെ സാനവിയ്യ, 2 വര്‍ഷത്തെ ഫള്വീല, ഒരു വര്‍ഷത്തെ അല്‍ ഫിക്‌റുല്‍ ഇസ്‌ലാമി കോഴ്‌സുകളില്‍ പഠിതാക്കളായുണ്ട്.
നദ്‌വ പകരുന്ന ജ്ഞാനോര്‍ജ്ജ്വവുമായി എണ്‍പതിനായിരത്തിലധികം വരുന്ന ഗ്രന്ഥങ്ങളുള്ള പ്രവിശാല ലൈബ്രറിയില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം തയ്യാര്‍ ചെയ്ത ചെറു ലൈബ്രറികളും ഞങ്ങള്‍ കയറിയിറങ്ങി, വായനയില്‍ മുഴുകിയ വിദ്യാര്‍ഥികൂട്ടങ്ങള്‍ ഞങ്ങള്‍ക്ക് ആവേശം പകര്‍ന്നു. അല്ലാമാ ശിബ്‌ലി നുഅ്മാനി, അബുല്‍ ഹസന്‍ അലി നദ്‌വി, സൂലൈമാന്‍ നദ്‌വി തുടങ്ങി നദ്‌വക്ക് കരുത്ത് പകര്‍ന്ന നേതാക്കളുടെ പേരിലുള്ള സൗധങ്ങള്‍ നദ്‌വ ആര്‍ജിച്ചെടുത്ത ജ്ഞാന വിസമയലോകത്തേക്കുള്ള കവാടം കൂടിയായിരുന്നു.
നവ്യാനുഭുതിയോടെ നദ്‌വയുടെ ലോകത്തെക്ക് കാലെടുത്തുവെച്ച ഞങ്ങള്‍ക്ക് മുപ്പത്തഞ്ചിലധികമുള്ള മലയാളി വിദ്യാര്‍ഥി സമാജത്തിന്റെ സജീവ കൂട്ടുകാരുമുണ്ടായിരുന്നു കൂട്ടിന്. നദ്‌വയുടെ ജ്ഞാന പ്രസരണവും പ്രസാധനവും തൊട്ടറിഞ്ഞ ഞങ്ങള്‍ക്ക് ഇവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ വളെരെ ഉപകാരപ്രദമായിരുന്നു. കേരളീയ ഭക്ഷണമൊരുക്കി ഞങ്ങളെ കാത്തിരുന്ന മലയാളി സുഹൃത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ നദ്‌വയുടെ സ്‌നേഹം പകരുകയായിരുന്നു അവിടെ. അച്ചടക്കത്തിലും സംസ്‌കാരത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നതിനാല്‍ വിദേശ പരിഗണനയാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.
ജുമുഅ നിസ്‌കാരത്തിന് നിറഞ്ഞ് കവിഞ്ഞ വലിയ മസ്ജിദില്‍ മൗലാനാ ഫര്‍മാന്‍ നദ്‌വിയുടെ അത്യുജ്ജ്വല ഉര്‍ദു തറപ്രസംഗത്തിന് ശേഷം നദ്‌വിയില്‍ നിന്ന് പുറത്തിറങ്ങുന്ന അല്‍ ബഅ്‌സുല്‍ ഇസ്‌ലാമിയുടെ എഡിറ്റര്‍ കൂടിയായ സഈദുല്‍ അഅ്‌ളമിയുടെ ഗംഭീര ഖുതുബയും ഞങ്ങള്‍ ശ്രവിച്ചു. പ്രസാധനത്തിന്റെ വലിയ ലോകമായ നദ്‌വയില്‍ അറബിയിലും ഉറുദുവിലും ഇംഗ്ലീഷിലും പുറത്തിറങ്ങുന്ന മാഗസിനുകളും അവ ചെലുത്തുന്ന സജീവ ചലനങ്ങളും ഞങ്ങളെ ഏറെ അമ്പരപ്പിച്ചു. നദ്‌വയുടെ ഉര്‍ദുവിലും അറബിയിലുമായുള്ള മികച്ച പല ഗ്രന്ധങ്ങളടക്കം പതിനായിരത്തോളം രൂപയുടെ പുസ്തകങ്ങള്‍ ഞങ്ങളവിടെ നിന്നും വാങ്ങി ഡിപാര്‍ട്ട്‌മെന്റ് ലൈബ്രറിയിലേക്ക് കൊറിയറായി അയച്ചു. അടുത്തു തന്നെയുള്ള ശിഈകളുടെ ഭൂല്‍ഭുലയ്യ കോട്ടയും പള്ളിയും മായാവതിയുടെ ആനപ്പാര്‍ക്കും കാണാന്‍ ഞങ്ങള്‍ സമയം കണ്ടെത്തി.
തര്‍ക്കങ്ങളില്‍ നിന്നകന്നും അലോസരം സൃഷ്ടിക്കുന്ന ചര്‍ച്ചകളൊഴിവാക്കിയും നദ്‌വ സര്‍വരെയും സ്വാഗതം ചെയ്തു. എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന നദ്‌വയില്‍ ഞങ്ങളുടെ യാത്ര പൂര്‍ണ വിജയമായിരുന്നു. മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ കൂടിയായ റാബിഅ് ഹസന്‍ നദ്‌വിയുടെ സാന്നിധ്യവും നദ്‌വക്ക് പ്രൗഢി പകരുന്നു. രാഷ്ട്രീയ നേതാക്കളുടെയും വിദേശ പണ്ഡിതരുടെയും കേന്ദ്രമായ അദ്ദേഹത്തിന്റെ ചേംബറില്‍ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഉച്ചക്ക് ശേഷം ഞങ്ങള്‍ക്ക് ഫര്‍മാന്‍ നദ്‌വിയുടെ ചെറു ഭാഷണത്തില്‍ നദ്‌വയെയും സ്ഥാപകരെയും പരിചയപ്പെടുത്തിയ അദ്ദേഹം സീറത്തുന്നബിയുടെ വിവിധ തലങ്ങളെയും സ്പര്‍ശിച്ചു ഞങ്ങളോട് സംസാരിച്ചു. അദ്ദേഹം തന്നെ ക്രോഡീകരിച്ച മക്ക ഇമാം ഗാമിദിയുടെ ജുമുഅ ഭാഷണങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചു, നേപ്പാളുകാരനായ ഇദ്ദേഹം അറബി ഭാഷയില്‍ വ്യുല്‍പത്തി നേടി ഇപ്പോള്‍ നദ്‌വയില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ശുദ്ധ അറബിയുടെ വചനാപ്രവാഹം ഞങ്ങളെ അത്ഭുതപ്പെടുത്തി. വിജ്ഞാനം വിനയാന്വിതരാക്കിയ ഒരു പറ്റം ഉലമാവൃന്ദത്തെ ഞങ്ങള്‍ക്കവിടെ ദര്‍ശിക്കാന്‍ സാധിച്ചു. ഭട്കലില്‍ നിന്നുള്ള സലാം നദ്‌വി, മൗലാനാ നദീര്‍ അഹ്മദ് നദ്‌വി തുടങ്ങിയ അറബ് സാഹിത്യം തൊട്ടറിഞ്ഞ നദ്‌വീ പണ്ഡിതരുമായി സംവദിക്കാനും സാധിച്ചു. നദ്‌വ വിദ്യാര്‍ഥികളുടെ ആവേശ താരകമെന്ന ജാസിര്‍ ദാരിമി പരിചയപ്പെടുത്തിയ സല്‍മാന്‍ നദ്‌വിയുടെ ഹദീസ് ക്ലാസില്‍ പങ്കെടുത്ത് സംശയനിവാരണെം നടത്താനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. സ്‌നേഹ സംഭാഷണത്തില്‍ തെളിവുകള്‍ക്കും പ്രമാണങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അതിശയോക്തി കലര്‍ന്ന വിശ്വാസങ്ങളെ അവഗണിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. രാത്രിയില്‍ മലയാളി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സെഷന്‍ അതിഗംഭീരമായിരുന്നു. അവര്‍ ഒരുക്കിയ സെഷനില്‍ സ്വലാഹുദ്ദീന്‍ ഉസ്താദ് രിഹ്‌ലയെക്കുറിച്ചും ദാറുല്‍ ഹുദയെക്കുറിച്ചും സംസാരിച്ചു. ദാറുല്‍ ഹുദയെ തികഞ്ഞ പ്രതീക്ഷയോടെ കാത്തിരുക്കുന്ന നദ്‌വ സുഹൃത്തുകള്‍ വീണ്ടും വരണമെന്ന ക്ഷണത്തോടെ ഞങ്ങളെ യാത്രയാക്കി. ശനിയാഴ്ച രാത്രി ഒരു മണിക്ക് അടുത്ത ലക്ഷ്യവും തേടി ഞങ്ങള്‍ യാത്ര തിരിക്കുന്പോഴും ലകനൗ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കാന്‍ ഞങ്ങളോട് കൂടെ മലയാളി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.
ഇദാറേ ശരീഅ, സുല്‍ഥാന്‍ഗഞ്ച്
ഞായറാഴ്ച അഞ്ച് മണിക്ക് ഹാജിപൂര്‍ സ്‌റ്റേഷനില്‍ നിന്നും ഏഴു കിലോമീറ്റര്‍ നീളമുള്ള മഹാത്മാഗാന്ധി ബ്രിഡ്ജിലൂടെ ഓട്ടോമാര്‍ഗം ഞങ്ങള്‍ ഖുദാബക്ശ് ലൈബ്രറിക്കു മുമ്പിലെത്തി. സമീപത്തുള്ള ജമാഅതിന്റെ പള്ളിയില്‍ സൗകര്യമറിയിച്ചിരുന്നുവെങ്കിലും അംജദിയ്യയില്‍ നിന്ന് ഫോണ്‍വഴി ബന്ധപ്പെട്ടതനുസരിച്ച് പറ്റ്‌ന ഇദാറേ ശരീഅയില്‍ നിന്നും മുദീറിന്റെ മകനും മുഫ്തി കോഴ്‌സ് വിദ്യാര്‍ത്ഥിയും ഞങ്ങളെ തേടിവന്നതിനാല്‍ അവിടത്തെ ചുരുങ്ങിയ സൗകര്യങ്ങളില്‍ ഞങ്ങളൊരു രാത്രി കഴിച്ചു കൂട്ടി. രാവിലെ പത്ത് മണിക്ക് ഡോ. അംജദ് റസായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബഹൂഭാഷാ നഅ്തുകളും കേരളത്തിലെ ഇസ്ലാമിക അന്തരീക്ഷവും വിശകലനം ചെയ്തു. കാന്തപുരം മുസ്ല്യാരോട് പ്രതിബദ്ധത കാട്ടിയ അയാളോട് സംഘടനാപരമായ ഭിന്നതയെ കുറിച്ചും ദാറുല്‍ ഹുദായുടെ സേവനങ്ങളെ കുറിച്ചും തെര്യപ്പെടുത്തി. മക്തബ് സംവിധാനത്തോട് സഹസഞ്ചാരം നടത്താന്‍ താല്‍പര്യപ്പെട്ട അയാളെ കോലാരി റഫീഖ് ഹുദവിയുമായി ബന്ധപ്പടുത്തുകയും ദാറുല്‍ ഹുദായിലേക്ക് ക്ഷണിക്കുകയും ചെയ്തു. അഹ്മദ് റസാഖാനെ കുറിച്ച് ഡോക്ടറല്‍ തീസിസ് ചെയ്ത അദ്ദേഹം അതുസംബന്ധിച്ച അല്‍പം കൃതികളും സംസ്ഥാന ഗവണ്‍മെന്റ് പോലും മുസ്ലിം വ്യക്തി നിയമത്തില്‍ കൂടിയാലോചിക്കുന്ന ഇദാറയെ ശരീഅയില്‍ നിന്നും നല്‍കപ്പെട്ട രണ്ടു വാള്യങ്ങളിലുള്ള ഫത്‌വാ സമാഹാരവും മറ്റു ചില ഗ്രന്ധങ്ങളും ഞങ്ങള്‍ക്ക് സമ്മാനിച്ചു. 11 മണിയോടെ ഞങ്ങള്‍ ഉദ്ദിഷ്ട സ്ഥലത്തേക്ക് യാത്ര തിരിച്ചു.
ഖുദാ ബക്ശ് ഓറിയന്റല്‍ പബ്ലിക് ലൈബ്രറി, പറ്റ്‌ന
ബീഹാര്‍ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ പറ്റ്‌നയിലെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് അല്‍പം മാത്രം അകലെ അശോക് രാജ്പതിലാണ് ഖുദാ ബക്ശ് ഓറിയന്റല്‍ പബ്ലിക് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലായി വിരളവും അമൂല്യമായ ഒട്ടനവധി കൈയെഴുത്തുകൃതികള്‍ കൊണ്ട് സമ്പന്നമായ ഈ ലൈബ്രറി കേരള ജനത വേണ്ട വിധം അറിയാതെ പോയത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മുഗള്‍, അവഥ്, ഇറാനി, രജപുത്, മധ്യേഷ്യന്‍ പെയിന്റിംഗുകളും ഏറെയുള്ള ഈ വൈജ്ഞാനിക കലവറ പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് മൗലവി ഖുദാ ബഖ്ശ് ഖാനെന്ന പുസ്തകപ്രേമി പൊതുജനോപയോഗത്തിനായി വിട്ടുനല്‍കിയത്. 1842 ഓഗസ്റ്റ് രണ്ടിന് ജനിച്ച് 1908 ഓഗസ്റ്റ് മൂന്നിന് ചരമം പ്രാപിച്ച ആ മഹായോഗിയുടെ ഈയൊരു വൈചിത്രമെന്ന പോലെ, സ്വന്തത്തെ ത്യജിച്ച് പൂസ്തകങ്ങള്‍ക്കിടയിലെ ദിനരാത്രങ്ങളിലൂടെ അദ്ദേഹം ചിരവിസ്മൃതനായിത്തീര്‍ന്നു. തന്റെ പിതാവായ മൗലവി മുഹമ്മദ് ബഖ്ശ് ഖാന്‍ സാഹിബില്‍ നിന്നും അനന്തരമായി ലഭിച്ച ആയിരത്തി നാനൂറില്‍ പരം കൈയെഴുത്തു പ്രതികളടക്കം നാലായിരത്തോളം അപൂര്‍വ ഗ്രന്ഥളുമായി 1891 ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച ഭഗീരഥ യത്‌നമാണ് ഇന്ന് ഇന്ത്യയുടെ തിലകക്കുറിയായി മാറിയിരിക്കുന്ന ഈ ലൈബ്രറി. ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി ഉപയോഗിച്ച ബുഖാരി, അസ്ഖലാനി ഇമാമിന്റെ സ്വന്തം കൈപ്പട സ്ഥിതീകരിക്കുന്ന കിതാബുല്‍ അര്‍ബഈന്‍, സ്വര്‍ണ ലിപിയിലെ ഖുര്‍ആന്‍ തുടങ്ങിയ കിതാബുകള്‍ക്ക് പുറമെ വിഷം തീണ്ടാത്ത ഭക്ഷണപ്പാത്രം, നാദിര്‍ഷായുടെ വാള്‍, ബൈറുന്‍ ഖാന്റെ കഠാര, പുരാതന ആസ്‌ട്രോലാബ്, ധൂപ് ഗഢി തുടങ്ങി ചില ചരിത്ര പ്രധാന വസ്തുക്കളും ഞങ്ങള്‍ക്കവിടെ കാണാനായി. 1970 മുതല്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം ബീഹാര്‍ ഗവര്‍ണര്‍ ചെയര്‍മാനായ ഒരു പ്രത്യേക ഭരണസംവിധാനം നിലവില്‍ വന്നിരുന്നെങ്കിലും 1989ല്‍ പാര്‍ലിമെന്റ് ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന ഒരിടമായി അതിനെ പ്രഖ്യാപിക്കുകയും ബജറ്റുകളില്‍ ലൈബ്രറികള്‍ക്കായി പ്രത്യേക തുക വകയിരുത്തുന്നതോടെയുമാണ് ജനശ്രദ്ധ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പിരീയോഡിക്കല്‍സ് ഭാഗത്തേക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് ഇരുപത്തിനാലായിരത്തിലധികം കൈയെഴുത്തുപ്രതികളും അതില്‍ തന്നെ 200ഓളം ഏകപ്രതിയുമുള്ള അപൂര്‍വഗ്രന്ഥ ശേഖരവും ഭദ്രമായ ലോക്കറുകളില്‍ ഇരട്ട ചാവി സുരക്ഷിതത്വത്തില്‍ സൂക്ഷിക്കപ്പെട്ടുട്ടുള്ള ഇത് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റോട് കൂടി മാത്രമെ കാണാനാകൂ. സാകിര്‍ ഹുസൈന്‍ എന്ന നദ്‌വി (1982) (അവിടത്തെ ഉദ്യോഗസ്ഥന്‍) ഞങ്ങളെ ഏറെ സഹായിക്കുകയും ഖുദാബക്ശിന്റെ പ്രസാധന ഇതര കര്‍മപദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ഈയിനത്തില്‍ നല്‍കുന്ന ഗ്രാന്റുകളെ കുറിച്ചും പരിചയപ്പെടുത്തി തദരുകയും ചെയതു. ഇന്ത്യക്കാരേക്കാള്‍ വിദേശികളാണിത് ആപേക്ഷികമായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്ന ആവലാതിയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. മാനുസ്‌ക്രിപ്റ്റുകളെ സംരക്ഷിക്കുകയും അതോടനുബന്ധിച്ച പ്രോഗ്രാമുകള്‍ സംഘടിപ്പിക്കണമെന്നും അതില്‍ അവരെ നിര്‍ബന്ധമായും ക്ഷണിക്കണമെന്നുകൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
ദാറുല്‍ ഹുദാ ഓഫ് കാമ്പസ്, ബീര്‍ഭൂം
ചൊവ്വാഴ്ച അഞ്ചരയോടെ ഞങ്ങള്‍ ബര്‍ദമാന്‍ ജംഗ്ഷനില്‍ നിന്നും മുറാറായിലേക്ക് പുറപ്പെടുന്ന ലോക്കല്‍ ട്രയിനില്‍ 90 രൂപക്ക് ടിക്കറ്റെടുത്തു. 9:50 ന് സ്‌റ്റേഷനില്‍ നാഫി ഹുദവിയും അന്‍വര്‍ ഹുദവിയും ഞങ്ങളെ സ്വീകരിക്കാന്‍ അവിടെ വന്നു നിന്നിരുന്നു. രണ്ട് എയ്‌സ് വണ്ടികളില്‍ ഞങ്ങള്‍ 11 മണിക്ക് മുമ്പായി ബീര്‍ഭൂമിലെ ദാറുല്‍ ഹുദാ ഓഫ് കാമ്പസിലെത്തി. നാശ്തയും റിഫ്രഷ്‌മെന്റും കഴിഞ്ഞ് സ്ഥാപനം ചുറ്റിക്കണ്ടു. ഉച്ചക്ക് പ്രത്യേകം തയാറാക്കിയ ബിരിയാണിയും കഴിച്ച് ഞങ്ങള്‍ ടീമുകളായി വിവിധ ക്ലാസ് റൂമുകളില്‍ സംബന്ധിച്ചു. അവസാന പിരിയഡ് തീരുവോളം ഉപദേശ നിര്‍ദേശങ്ങളും മോട്ടിവേഷന്‍ ടിപ്‌സുകളുമായി നടന്ന സെഷനില്‍ അവിടുത്തെ കുട്ടികളുടെ മികവും ഉയര്‍ന്ന പഠന നിലവാരവും നേരില്‍ കണ്ട് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അസര്‍ നിസ്‌കാരാനന്തരം അവിടത്തെ ഉസ്താദുമാരുടെ ഒപ്പം പരിസര പ്രദേശങ്ങള്‍ കാണാനിറങ്ങി. മുന്‍കിര്‍ ഹൂസൈന്‍ സാഹിബിന്റെ വീടും സമീപത്തെ മക്തബും പള്ളിയും നഴ്‌സറിയും സാമൂഹ്യരീതികളും ചുറ്റിക്കാണുകയും കോളേജ് വിദ്യാര്‍ഥികളുടെ സായാഹ്ന കളിയില്‍ ഭാഗവാക്കാവുകയും ചെയ്തു. മഗ്‌രിബ് കഴിഞ്ഞ് സ്വീകരണയോഗത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉസ്താദുമാരുമുള്ള സദസ്സില്‍ രിഹ്‌ലയെ കുറിച്ചും ശൈഖുനായെ കുറിച്ചും ദാറുല്‍ ഹുദാ തരുന്ന അവസരങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അവരുടെ സംഘടന മിസ്വ്ബാഹിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അല്‍ യഖ്ദ ഉണര്‍ത്തു പ്രോഗ്രാമുമായി ബന്ധപ്പെട്ട ഉപദേശ നിര്‍ദേശങ്ങളും കൈമാറി. സിദ്ദീഖുല്‍ അക്ബര്‍ ഹുദവിയും നാഫിഅ് ഹുദവിയും ദാറുല്‍ ഹുദായുടെ ബംഗാളിലെ പ്രവര്‍ത്തനങ്ങളെകുറിച്ചും വിദ്യാര്‍ഥി നിലവാരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.
നാഷനല്‍ ലൈബ്രറി, കൊല്‍കത്ത
1836 ല്‍ സ്ഥാപിതമായ കൊല്‍കത്ത ലൈബ്രറി 1990 കളോടെ ഇംപീരിയല്‍ ലൈബ്രറി എന്നറിയപ്പെടുകയും 1903 ജനുവരി 30 നു കേഴ്‌സണ്‍ പ്രഭുവിന്റെ പ്രഖ്യാപനത്തോടെ പൊതുലൈബ്രറിയായി അറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം 1948 ലെ പ്രത്യേക നിയമപ്രകാരം ദേശീയ പദവി ലഭിച്ച കൊല്‍കത്ത നാഷണല്‍ ലൈബ്രറി 1953 ഫെബ്രുവരി ഒന്നാം തീയതി മൗലാനാ അബുല്‍ കലാം ആസാദ് 30 ഏക്കര്‍ വിസ്തൃതിയുള്ള ഇന്നത്തെ ബെല്‍വിദേര്‍ പ്രവിശ്യയില്‍ ഔദ്യാഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ബഹുനില സമുച്ചയങ്ങളിലായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ ഇന്ന് പ്രവര്‍ത്തിച്ചുവരുന്ന ലൈബ്രറിയില്‍ ഇരുപത്തഞ്ച് ലക്ഷത്തില്‍ പരം പുസ്തകങ്ങളും അയ്യായിരത്തോളം കൈയ്യെഴുത്തുകൃതികളും ഇതര ചരിത്രരേഖകള്‍, പുരാതന ശേഷിപ്പുകള്‍ എന്നിവ സൂക്ഷിച്ചിരിക്കുന്നു. നിയമപ്രകാരം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പടുന്ന ഏതുഗ്രന്ഥവും ഒരു പകര്‍പ്പ് ഇവിടെയെത്തിക്കേണ്ടതുണ്ട്. പത്രമാഗസിനുകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ജേണലുകള്‍, ഡിജിറ്റലൈസ്ഡ് ഇലക്ട്രിക്കല്‍ റെപ്പോസിറ്ററി, ഭിന്നഭാഷാ കൃതികള്‍, പുരാവസ്തുക്കള്‍ എന്നിവക്കെല്ലൊം വ്യവസ്ഥാപിത സംവിധാനങ്ങളുള്ള ഈ ലൈബ്രറിയില്‍ ഏതു ഇന്ത്യന്‍ പൗരനും അംഗത്വമെടുക്കാം. തുല്യമാകുന്ന ഒരു സംഖ്യ ഡിപ്പോസിറ്റ് ചെയ്ത ശേഷം രണ്ടാഴ്ചത്തേക്ക് പുസ്തകം ഇഷ്യൂ ചെയ്യാമെങ്കിലും തുടര്‍ന്ന് വൈകുന്ന ഓരോ ദിനത്തിനും 20 പൈസ വീതം ഫൈന്‍ ഈടാക്കുന്നതാണ്. റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി എന്നിവയല്ലാത്ത മുഴുവന്‍ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകീട്ട് 8 മണി വരെ പ്രവര്‍ത്തിക്കുന്നു. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ഇതിന്റെ ചില്‍ഡ്രന്‍സ് ലൈബ്രറിയേ ഉപയോഗിക്കാനാവൂ. മുമ്പ് കൊട്ടാരമായിരുന്ന ഇതിന്റെ പ്രധാന ബില്‍ഡിങ് അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 5 നിലകളിലായി ശീതീകരിച്ച ഭാഷാഭവന്‍ എന്ന പേരിലെ കെട്ടിടത്തിലാണ് 2003 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. .www.nlindia.org, www.nationallibray.gov.in എന്നീ സൈറ്റുകളിലൂടെ നാഷണല്‍ ലൈബ്രറിയുടെ സേവനങ്ങള്‍ അടുത്തറിയാന്‍ സാധിക്കുന്നതാണ്. ദാറുല്‍ ഹുദാ മുന്‍ ലൈബ്രേറിയന്‍ ഹാഷിം കല്ലുങ്ങല്‍ സര്‍ ലീവിലായതു കൊണ്ട് തന്നെ ഉര്‍ദു സെക്ഷനിലുണ്ടായിരുന്ന ഇസ്‌റാര്‍ ഖാനുമായി നമ്മുടെ പ്രസിദ്ധീകരണങ്ങളെ കുറിച്ചും മറ്റും വിവരിച്ചു. ദാറുല്‍ ഹുദായില്‍ വരാന്‍ താല്‍പര്യപ്പെട്ട അദ്ദേഹം ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളെ കുറിച്ചറിയിക്കാന്‍ കൂടെ കൂടെ ആവശ്യപ്പെട്ടാണ് ഞങ്ങളെ യാത്രയാക്കിയത്.
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍
വിക്‌ടോറിയ പാലസിനും ഈഡന്‍ ഗാര്‍ഡന്‍സിനുമിടയിലയാണ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ തന്നെ വ്യവസ്ഥാപിതമായ രീതിയില്‍ പ്രസാധന മേഖലയില്‍ സ്തുത്യര്‍ഹ സേവനങ്ങള്‍ നിര്‍വഹിച്ച സ്ഥാപനം ഇന്‍ഡോളജിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും സ്‌പെഷ്യലൈസ് ചെയ്യുന്നു.
വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 3.30 ഓടെ സാന്ത്രകാച്ചി സ്‌റ്റേഷനില്‍ നിന്നും കോഴിക്കോട്ടേക്ക് വിവേക് എക്‌സ്പ്രസില്‍ ഒരുപിടി കിതാബുകളും അതിലേറെ അനുഭവസമ്പത്തുമായി ഞങ്ങള്‍ തിരികെ യാത്ര ആരംഭിച്ചു.
പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍
ജാമിഅ അംജദിയ്യ രിസ്‌വിയ്യ, ഗോസി
ജാമിഅ അഷ്‌റഫിയ്യ മുബാറക്പൂര്‍
ദാറുല്‍ ഉലും അത്താബിഅ ലി നദ്‌വതില്‍ ഉലമാ, ലക്‌നൗ
ഇദാറേ ശരീഅ, സുല്‍ഥാന്‍ഗഞ്ച്
ഖുദാ ബക്ശ് ഓറിയന്റല്‍ പബ്ലിക് ലൈബ്രറി, പറ്റ്‌ന
ദാറുല്‍ ഹൂദാ ഓഫ് കാമ്പസ്, ബീര്‍ഭൂം
നാഷനല്‍ ലൈബ്രറി, കല്‍കത്ത
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍
പ്രധാന വ്യക്തികള്‍
സയ്യിദ് സല്‍മാന്‍ ഹുസൈനി അന്നദ്‌വി
അല്ലാമാ ള്വിയാഉല്‍ മുസ്ഥഫ



masha allah.nice
ReplyDeleteكفو.. يا شباب الاسلام
ReplyDeleteكفو.. يا شباب الاسلام
ReplyDeleteGoood
ReplyDeleteGood project... I am sure a new intellectual wing would be emerged from DHIU..
ReplyDeleteThis comment has been removed by the author.
ReplyDeleteGood
ReplyDeleteGood
ReplyDeleteMarvellous
ReplyDeleteMarvellous
ReplyDelete